You are here
Home > Entertainment > കോളിവുഡ് ഭരിച്ചു ദളപതി; തമിഴകത്തിന്റെ ഒരേയൊരു രാജാവായി വിജയ്..!

കോളിവുഡ് ഭരിച്ചു ദളപതി; തമിഴകത്തിന്റെ ഒരേയൊരു രാജാവായി വിജയ്..!

ദളപതി വിജയ് നായകനായി എത്തിയ ആറ്റ്ലി ചിത്രമായ ബിഗിൽ കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് കൊണ്ട് മുന്നേറുകയാണ്. റിലീസ് ചെയ്തു മൂന്നു ദിവസങ്ങൾ കൊണ്ട് തന്നെ നൂറു കോടി ക്ലബിൽ ഇടം പിടിച്ച ബിഗിൽ വിജയ്‌യുടെ കരിയറിലെയും തമിഴ് സിനിമാ ചരിത്രത്തിലേയും വലിയ വിജയങ്ങളിൽ ഒന്നായി മാറാൻ ഉള്ള ഒരുക്കത്തിലാണ്. വർക്കിംഗ് ഡേയിൽ പോലും അതിഗംഭീര കളക്ഷൻ നേടിയെടുക്കുന്ന ഈ ചിത്രം പുതിയ ബോക്സ് ഓഫീസ് ചരിത്രങ്ങൾ സൃഷ്ടിക്കുമെന്ന് തീയേറ്റർ ഉടമകളും വിതരണക്കാരും അതുപോലെ തന്നെ ട്രേഡ് അനലിസ്റ്റുകളും പറയുന്നു.

ഡൊമസ്റ്റിക് മാർക്കറ്റിൽ എന്നത് പോലെ ഓവർസീസ് മാർക്കറ്റിലും വിജയ് തരംഗം ആഞ്ഞടിക്കുകയാണ്. ബോളിവുഡ് ചിത്രങ്ങളെ പോലും പിന്നിലാക്കിയാണ് വിദേശ മാർക്കറ്റിൽ ഇപ്പോൾ ബിഗിൽ കുതിക്കുന്നത്‌. തമിഴ് സിനിമയിൽ ഇപ്പോൾ രജനീകാന്തിന് ഒപ്പമോ ഒരുപക്ഷെ അതിനു മുകളിലോ ആണ് ദളപതി വിജയ്‌യുടെ സ്ഥാനം എന്ന് പറയേണ്ടി വരും. ഒരു വിജയ് ചിത്രത്തിന് തരക്കേടില്ലാത്ത അഭിപ്രായം നേടാനായാൽ ആ ചിത്രം ബോക്സ് ഓഫീസിൽ ചരിത്രങ്ങൾ സൃഷ്ടിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ഏതാനും വർഷങ്ങൾ ആയി നമ്മുക്ക് കാണാൻ സാധിക്കുന്നത്. ആറ്റ്ലി- വിജയ് കൂട്ടുകെട്ടിൽ പിറന്ന തെരി, മെർസൽ എന്നീ ചിത്രങ്ങളും എ ആർ മുരുഗദോസ് ഒരുക്കിയ തുപ്പാക്കി, കത്തി ഇനീ ചിത്രങ്ങളും ഇതിനു ഉദാഹരണമായി നമ്മുക്ക് പറയാം.

മലയാള സിനിമയിൽ മോഹൻലാൽ ചിത്രങ്ങൾ എങ്ങനെയാണോ കത്തിപ്പടരുന്നത് അതുപോലെയാണ് വിജയ് ചിത്രങ്ങൾ ഇപ്പോൾ തമിഴ് സിനിമയിൽ കൊടുങ്കാറ്റു സൃഷ്ടിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ പോലും മികച്ച രീതിയിൽ മുന്നേറ്റം നടത്താൻ വിജയ് ചിത്രങ്ങൾക്ക് സാധിക്കുന്നു എന്നതും എടുത്തു പറയേണ്ട വസ്തുതയാണ്. കുഴപ്പമില്ലാത്ത അഭിപ്രായം നേടാൻ കഴിഞ്ഞിട്ടും മറ്റു പല താരങ്ങളുടെയും ചിത്രങ്ങൾ ബോക്സ് ഓഫീസിൽ കിതക്കുന്ന കാഴ്ചയും ഇതിനോട് നമ്മൾ കൂട്ടി വായിച്ച പറ്റൂ. ഇതെല്ലാം വിലയിരുത്തിക്കൊണ്ട് തന്നെ നമ്മുക്ക് പറയാൻ സാധിക്കും, ഇന്ന് തമിഴ് സിനിമയുടെ രാജാവാണ് ഈ താരമെന്ന്‌, ഒരേയൊരു രാജാവ്.

Leave a Reply

Top