You are here
Home > Entertainment > ഈ റൗഡികൾ ചിരിപ്പിക്കും..!! കുടുംബസമേതം ആസ്വദിക്കാം ഈ റൗഡികളെ..!!

ഈ റൗഡികൾ ചിരിപ്പിക്കും..!! കുടുംബസമേതം ആസ്വദിക്കാം ഈ റൗഡികളെ..!!

പ്രണവ് മോഹൻലാലിനെ മലയാളത്തിൽ അവതരിപ്പിച്ച ‘ആദി’യ്ക്ക് ശേഷം കാളിദാസ് ജയറാമിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ചിത്രം ‘മിസ്റ്റർ ആൻഡ് മിസ് റൗഡി’ ഈ ആഴ്ചത്തെ റിലീസുകളിൽ ഏറെ പ്രതീക്ഷയുള്ള ചിത്രമായിരുന്നു. അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. സായ് കുമാര്‍, വിഷ്‍ണു ഗോവിന്ദൻ, ശരത്, ഗണപതി, എസ്തര്‍ അനിൽ, ഷെബിന്‍ വിന്‍സണ്‍, ഭഗത് മാനുവല്‍ തുടങ്ങിയവരും ഈ ചിത്രത്തിലുണ്ട്.

ഒരു നാട്ടിൻപ്പുറത്ത് അല്ലറചില്ലറ കൊട്ടേഷൻ പരിപാടികളുമൊക്കെയായി വലിയ ദിശാബോധമൊന്നുമില്ലാതെ നടക്കുന്ന അഞ്ചു ചെറുപ്പക്കാരുടെയും അവരുടെ ജീവിതത്തിലേക്ക് അവിചാരിതമായി കയറിവരുന്ന ഒരു പെൺകുട്ടിയുടെയും കഥയാണ് ‘മിസ്റ്റർ ആന്റ് മിസ് റൗഡി’. ഈ ആൺ റൗഡികൾ അഞ്ചും വിചാരിച്ചിട്ടും ഓടിച്ച്‌ വിടാൻ കഴിയാത്തവണ്ണം ആറാമത്തെ ‘റൗഡി’യായി പൂർണ്ണിമ ഇവർക്കൊപ്പം ചേരുന്നു. അപ്പു പലപ്പോഴായി പൂർണ്ണിമയെ തുരത്താൻ ശ്രമിക്കുന്നു, അവരുടെ തമ്മിലടി ഊർജ്ജസ്വലമായി നടക്കുന്നതിനിടെ അപ്പുവിനൊരു അടിപിടിയിൽ കാലൊടിയുന്നു. പൂർണ്ണിമക്ക് സിമ്പതി തോന്നുന്നു. സാധാരണ പ്രണയവും, പ്രണയ സാഫല്യവുമായി അവസാനിക്കാൻ സാധ്യതയുള്ള കഥയിൽ ക്ലൈമാക്സ് രംഗത്തിൽ ഒരു ക്രൈം ട്വിസ്റ്റ് കൊണ്ട് വരാൻ തിരക്കഥ ശ്രദ്ധിച്ചിട്ടുണ്ട്.

ഒരുപക്ഷെ സ്‌ട്രെയ്റ് ഫോർവേഡ് ഹാസ്യ-പ്രണയ കഥയായി ഇടിച്ചു വീഴുന്നതിൽ നിന്നും മിസ്റ്റർ ആൻഡ് മിസ് റൗഡിയുടെ ഗതി മാറ്റുന്നതും ഈ വഴിത്തിരിവ് തന്നെ. കൊച്ചുകൊച്ചു തമാശകളുമായി ചിത്രത്തിന്റെ ആദ്യപകുതി കടന്നുപോകുമ്പോള്‍ രണ്ടാം പകുതി സീരിയസായ ചില സാമൂഹികപ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നു. മൊത്തത്തിൽ കുടുംബസമേതം കണ്ടിരിക്കാൻ പറ്റുന്ന ഒരു ചിത്രം തന്നെയാണ് ജീത്തു ജോസഫ് അണിയിച്ചൊരുക്കിയിരിക്കുന്നത്.

സന്തോഷ് വർമയുടെ വരികൾക്ക് അരുൺ വിജയ് നൽകിയ സംഗീതം ഹൃദ്യമായിരുന്നു. ബെന്നറ്റ് എം വർഗീസിന്റെ ക്യാമറ, ദൃശ്യങ്ങൾ നല്ല രീതിയിൽ ഒപ്പിയെടുത്തിട്ടുണ്ട്. സംഘട്ടന രംഗങ്ങളിൽ പുതുമയുണ്ടായിരുന്നു. വിജയരാഘവന്‍ വേഷമിട്ട പള്ളീലച്ചനും ജോയ് മാത്യുവിന്റെ എബ്രഹാം മാത്യു എന്ന ചാനല്‍മുതലാളിയും വിജയ് ബാബു അവതരിപ്പിച്ച ജീവന്‍ ജോര്‍ജ് എന്ന കഥാപാത്രവും ചിത്രത്തിന് വഴിത്തിരിവ് ഉണ്ടാക്കുന്ന കഥാപാത്രങ്ങളാണ്.

Leave a Reply

Top