You are here
Home > Latest News > ‘അമ്മേ, ഞാന്‍ മോഹന്‍ലാലാണ്, അമ്മയ്ക്ക് ഒരുപാടു മക്കളുണ്ടെന്നു വിശ്വസിക്കുക; എന്നും ഞാന്‍ കൂടെയുണ്ട്’..!!

‘അമ്മേ, ഞാന്‍ മോഹന്‍ലാലാണ്, അമ്മയ്ക്ക് ഒരുപാടു മക്കളുണ്ടെന്നു വിശ്വസിക്കുക; എന്നും ഞാന്‍ കൂടെയുണ്ട്’..!!

താടിയും മുടിയും നീട്ടി വളര്‍ത്തിയ ‘ഒടിയന്‍’ മാണിക്യന്റെ രൂപമാണ് കിങ്ങിണിയുടെ കൊച്ചുവീട്ടിലേക്ക് കടന്നെത്തുന്നവരെ സ്വീകരിക്കുന്നത്. ഒടിയന്‍ തീയേറ്ററുകളില്‍ എത്തുന്നതിന് മൂന്നുനാള്‍ മുമ്പാണ് മോഹന്‍ലാലിന്റെ ആ വലിയ പോസ്റ്റര്‍ വീടിന് മുന്നിലെ മരത്തില്‍ കിങ്ങിണി പതിപ്പിച്ചത്. വീടിന്റെ പടികയറുമ്പോഴും ഇറങ്ങുമ്പോഴും ആരും നോക്കിപ്പോകും വിധം മോഹന്‍ലാലിന്റെ രൂപം ആ ഭവനത്തിന് മുന്നില്‍ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. ലാലിനോട് അത്രമാത്രം സ്‌നേഹമുള്ള ഒരു ആരാധകന്‍ ഈ വീട്ടിലുണ്ടെന്ന് വ്യക്തമാക്കുന്ന ഒരു കാഴ്ചയായിരുന്നു അത്. അതെ, അതൊരു ഹൃദയബന്ധമായിരുന്നു… ഒരിക്കല്‍ പോലും നേരിട്ട് കണ്ടിട്ടില്ലാത്ത മഹാനടനോടു നിഷ്‌ക്കളങ്കനായ ഒരു ആരാധകന്‍ ഹൃദയത്തില്‍ കൊരുത്തുവച്ച ബന്ധം. സുധീഷ്, അതായിരുന്നു അവന്റെ പേര്. വീട്ടുകാര്‍ക്ക് അവന്‍ കുഞ്ചു. സൗഹൃദക്കൂട്ടങ്ങളില്‍ കിങ്ങിണി.

പക്ഷേ, വീണ്ടും ഈ വീടിന്റെ കവാടത്തില്‍ മോഹന്‍ലാലിന്റെ മറ്റൊരു രൂപം സ്‌നേഹത്തോടെ പതിച്ചുവയ്ക്കാന്‍ കിങ്ങിണി ഇല്ലാതെ പോയിരിക്കുന്നു. കുട്ടിക്കാലം മുതല്‍ ഉള്ളിന്റെയുള്ളില്‍ അഗാധമായി സ്‌നേഹിച്ച് ലാലേട്ടനെ ഒന്ന് നേരില്‍ കാണാനും ഒരു വാക്ക് ഉരിയാടാനും ഒപ്പം നിന്ന് ഒരു ഫോട്ടോ എടുക്കാനും കഴിയാതെ അവന്‍ യാത്രയായി. 30 വര്‍ഷം മാത്രം ഈ ലോകത്ത് ജീവിക്കാന്‍ കഴിഞ്ഞ കിങ്ങിണിയുടെ ഏറ്റവും വലിയ സ്വപ്നവും അതായിരുന്നു. മെഡിക്കല്‍ സയന്‍സിന് കണ്ടെത്താനാകാത്ത ഒരു രോഗത്തോട് പൊരുതിയ നീണ്ട 16 വര്‍ഷങ്ങള്‍ക്കൊടുവില്‍, മോഹന്‍ലാല്‍ എന്ന വലിയ സ്വപ്നത്തിനും തിരശ്ശീലയിട്ടുകൊണ്ടു കഴിഞ്ഞ ജനുവരി 30 ന് ഇരുട്ട് കനം വെച്ച് ഒരു സന്ധ്യയില്‍ കിങ്ങിണി ഈ ലോകത്തോട് വിടപറഞ്ഞു.

ഫെബ്രുവരി 3 ന്റെ മദ്ധ്യാഹ്നത്തിലാണ് മോഹന്‍ലാലിന്റെ ജീവചരിത്രരചനയുടെ തിരക്കുകളില്‍ മുഴുകിയിരുന്ന എന്നെത്തേടി ഫറോക്ക് മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ബിജുക്കുട്ടന്‍ എന്റെ ‘എഴുത്തുപുര’യിലേക്ക് കയറി വന്നത്. ”ലാലേട്ടനെക്കുറിച്ചു പുസ്തകങ്ങള്‍ എഴുതുന്ന ആളല്ലേ. കിങ്ങിണിയുടെ വീട്ടില്‍ ഒന്ന് പോകണം. അച്ഛനും അമ്മയുമായി സംസാരിക്കണം” ഇതായിരുന്നു ബിജുക്കുട്ടന്റെ ആവശ്യം. അന്ന് കിങ്ങിണിയുടെ സഞ്ചയനമായിരുന്നു. വൈകീട്ട് ഒരുമിച്ചു പോകാമെന്ന് ഞാന്‍ ഉറപ്പുകൊടുത്തു. എഴുത്തിനിടയില്‍ കിങ്ങിണിയുടെ മുഖം പലവട്ടം എന്റെ മനസ്സിലേക്ക് കടന്നുവന്നു. അന്ന് സന്ധ്യക്ക് ഞങ്ങള്‍ ഫറോക്കിനടുത്ത് കള്ളിത്തൊടിയിലുള്ള കിങ്ങിണിയുടെ വീടിനു മുന്നിലെത്തി.

വഴിയില്‍ ഒടിയന്‍ മാണിക്കന്‍ ഞങ്ങള്‍ക്ക് സ്വാഗതമേകി. മുറ്റത്ത് ഒരു മണ്‍ചിരാത് കത്തുന്നുണ്ട്. ഇരിക്കാന്‍ പറഞ്ഞുകൊണ്ട് കിങ്ങിണിയുടെ അച്ഛന്‍ സുബ്രഹ്മണ്യന്‍ നായരും സഹോദരന്‍ സുജിത്തും. മകന്റെ വിയോഗവേദന അവരില്‍ മാത്രമല്ല, ആ മുറ്റത്ത് കൂടി നിന്നവരുടെ കണ്ണുകളിലെല്ലാം ഉണ്ടായിരുന്നു. ദുഃഖം തളംകെട്ടിനിന്ന് ആ വീട്ടുമുറ്റത്ത് അല്‍പനേരം നിശബ്ദരായിപ്പോയ ഞങ്ങളോട് കിങ്ങിണിയുടെ സഹോദരന്‍ സംസാരിച്ചുതുടങ്ങി…’ രോഗം മാറിയാലും ഇല്ലെങ്കിലും മനസ്സില്‍ വലിയ ഒരാഗ്രഹം കൊണ്ടുനടന്നിരുന്നു അവന്‍, ലാലേട്ടന്റെ കൂടെ ഒരു ഫോട്ടോ, അത്ര വരെയും പറയുമായിരുന്നു….” വാക്കുകള്‍ മുഴുമിപ്പിക്കാനാകാതെ സുജിത്ത് വിങ്ങി.

കണ്ണുനീര്‍വറ്റിയ ആ കണ്ണ് വെറുതെ ഒന്ന് തുടച്ച്‌കൊണ്ട് സുജിത്ത് ഞങ്ങളെ ഉള്ളിലേക്ക് കൂട്ടി. ”അമ്മയെ കാണണ്ടെ..വാ.. കുഞ്ചുവിന്റെ മുറിയിലാണ് അമ്മ കിടക്കുന്നത്” സുജിത്തിനൊപ്പം ഞങ്ങള്‍ അകത്തേക്കു പ്രവേശിച്ചു. രണ്ട് കിടപ്പു മുറികളുള്ള ആ വീടിന്റെ വാതിലും ചുമരുകളുമെല്ലാം പലകാലങ്ങളിലെ മോഹന്‍ലാലിനാല്‍ നിറഞ്ഞിരിക്കുകയാണ്. വര്‍ഷങ്ങളായി കിങ്ങിണി ഉണരുന്നതും ഉറങ്ങുന്നതും ലാലേട്ടനെ കണ്ടുകൊണ്ടായിരുന്നു. അവന്റെ നിദ്രകളില്‍ പലവട്ടം സ്വപ്നങ്ങളായ് മോഹന്‍ലാല്‍ അവതരിച്ചിരിക്കണം. ഹൈസ്‌കൂള്‍ പഠനകാലത്താണ് കിങ്ങിണിയില്‍ അസുഖത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ക്ലാസ്‌റൂമില്‍ തല കറങ്ങി വീണതോടെയാണ് തുടക്കം. തുടര്‍ന്ന് ശരീരത്തില്‍ മുഴരൂപത്തില്‍ കുരുക്കള്‍ പ്രത്യക്ഷപെട്ടു, ശരീരം അമിതമായി വണ്ണം വെച്ചു. പിന്നെ വിട്ടുമാറാത്ത ചുമ, ചുമ കാരണം അധികം സംസാരിക്കാനും വയ്യാതെയായി. ക്രമേണ കിങ്ങിണിയുടെ ഉറക്കവും നഷ്ട്ടപ്പെട്ടു. അസുഖം കാരണം പത്താംക്ലാസ് പരീക്ഷപോലും എഴുതാനാകാതെ കിങ്ങിണി സ്‌കൂളിനോട് വിടപറഞ്ഞു. പിന്നീടുള്ള ജീവിതം ഏറെയും ആശുപത്രിക്കിടക്കയില്‍.

അസുഖം കാരണം കിങ്ങിണിയെ ജോലിക്കയക്കാനൊന്നും വീട്ടുകാര്‍ തയ്യാറായില്ല. ഒരു കൊച്ചുകുഞ്ഞിനെ നോക്കുന്ന പോലെ അവര്‍ അവനെ പരിചരിച്ചുകൊണ്ടിരുന്നു. എന്നാലും കഴിയുംവിധം കുടുംബത്തിന് അത്താണിയാവാന്‍ അവന്‍ ശ്രമിച്ചിരിന്നു. തന്നെ വരിഞ്ഞുമുറുക്കിയ അജ്ഞാത രോഗത്തെക്കുറിച്ച് ആദ്യമൊന്നും കിങ്ങിണിക്ക് അറിയില്ലായിരുന്നു. മരുന്നു കഴിച്ചാല്‍ സുഖപ്പെടും എന്ന വിശ്വാസമായിരുന്നു അവനെ നയിച്ചിരുന്നത്. വര്‍ഷങ്ങള്‍ കടന്നുപോകുന്നതിനൊപ്പം വേദനയോടെ അവന്‍ തിരിച്ചറിഞ്ഞു തുടങ്ങി, തന്റെ രോഗത്തിനു പ്രതിവിധിയില്ലെന്ന്. മരുന്നു കൊണ്ട് മാത്രം നീട്ടിക്കിട്ടുന്ന ഒന്നായി തന്റെ ജീവിതം മാറുകയാണെന്ന് ഉള്ളില്‍ ഒരു പിടച്ചിലോടെ അവന്‍ തിരിച്ചറിഞ്ഞു. പക്ഷെ ആ വേദന അവന്‍ ആരോടും പങ്കുവെച്ചില്ല. വല്ലാതെ വേദനിക്കുമ്പോള്‍ എനിക്കു വയ്യ എന്നുമാത്രം വീട്ടുകാരോടു പറഞ്ഞു. കിങ്ങിണിക്കു വേണ്ടി എന്തും പകുത്തു നല്‍കാനായി അച്ഛനും അമ്മയും സഹോദരനും മുന്നില്‍ നിന്നു.

സഹോദരന് ഒരു മോളുണ്ടായപ്പോള്‍ അവളെ അവന്‍ ‘കിങ്ങിണിക്കുട്ടി’ എന്ന് വിളിച്ചു. നിഷ്‌കളങ്കമായ അവളുടെ പുഞ്ചിരിയില്‍ അവനും മനസ്സ് തുറന്നു ചിരിച്ചു. രോഗത്തിന്റെ തീവ്രതകളെ വലിയൊരളവുവരെ അവന്‍ മറന്നത് കിങ്ങിണിക്കുട്ടിയുമൊത്തുള്ള നിമിഷങ്ങളിലായിരിക്കണം. പിന്നീടെപ്പോഴോ ‘കിങ്ങിണി’ എന്ന പേര് അവന്‍ തന്റെ പേരിനൊപ്പം ചേര്‍ത്ത് കെട്ടി. അങ്ങനെ അവന്‍ സുധീഷ് കിങ്ങിണിയായി. പ്രിയപ്പെട്ടവരുടെയെല്ലാം കിങ്ങിണിയും. വളരെ ചെറുപ്പത്തിലേ കിങ്ങിണി മോഹന്‍ലാലിന്റെ ആരാധകനായിരുന്നു. ലാലേട്ടനോടുള്ള അതിരുകളില്ലാത്ത സ്‌നേഹമാകാം അവനെ മോഹന്‍ലാല്‍ ഫാന്‍സിന്റെ പ്രവര്‍ത്തകനാക്കിയത്. ഫാന്‍സിന്റെ കാരാട് യൂണിറ്റ് മെമ്പര്‍ എന്ന നിലയില്‍ തന്റെ ചെറിയ ജീവിതം കൊണ്ട് ഒരു പാടു കാര്യങ്ങള്‍ കിങ്ങിണി ചെയ്തു. ലാലേട്ടന്റെ പടം റിലീസ് ആകുന്നതിനു മുന്‍പുള്ള ഫാന്‍സിന്റെ മുന്നൊരുക്കങ്ങളുടെ മുന്‍നിരയില്‍ കിങ്ങിണി ഉണ്ടാകുമായിരുന്നു. പോസ്റ്റര്‍ ഒട്ടിക്കലും ബാനര്‍ കെട്ടലും, മധുരവിതരണവും എല്ലാം കഴിഞ്ഞ് ബാക്കിവന്ന ലാലേട്ടന്റെ പോസ്റ്ററുകളും സ്റ്റിക്കറുകളും നെഞ്ചോട് ചേര്‍ത്തുപിടിച്ചു രാത്രി വൈകി വീട്ടിലെത്തുന്ന കിങ്ങിണിയെ അച്ഛനും അമ്മയും വഴക്കുപറഞ്ഞില്ല.

അസുഖബാധിതനായ കിങ്ങിണിയുടെ മനസ്സിന് ഫാന്‍സ് പ്രവര്‍ത്തനങ്ങള്‍ ഏറെ സന്തോഷവും ആശ്വാസവും നല്‍കുന്നുണ്ടെന്ന് ആ മാതാപിതാക്കള്‍ മനസ്സിലാക്കിയിരുന്നു. നാട്ടിലെ പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയാല്‍ ബാക്കിയുള്ള ചിത്രങ്ങള്‍ ചുമരില്‍ ഒട്ടിച്ചശേഷം മാത്രമേ കിങ്ങിണിക്ക് വിശ്രമമുള്ളൂ. ഉള്ളിലുള്ള സന്തോഷം ഉറ്റവരുമായി പങ്കുവയ്ക്കാന്‍ പോലും പലപ്പോഴും അവന് കഴിഞ്ഞിരുന്നില്ല. കൂടുതല്‍ സംസാരിച്ചാല്‍ ചുമ കൂടും എന്നതുകൊണ്ട് അവന്‍ എല്ലാം നെഞ്ചിലൊതുക്കി. ഒന്നും പറയാനാകാതെ കനം വച്ച മനസ്സുമായി കിടക്കയിലേക്ക് പോകുന്ന കിങ്ങിണിയുടെ രാത്രികള്‍ പുലരാതെ പുലരുകയാണ് പതിവ്. ഫാന്‍സ് അസോസിയേഷന്റെ പ്രവര്‍ത്തകരില്‍ ചിലര്‍ കിങ്ങിണിയുടെ അസുഖത്തെക്കുറിച്ച് ഇതിനിടയില്‍ മനസ്സിലാക്കിയിരുന്നു. അവന്‍ അറിയിച്ചതല്ല, അവര്‍ തിരിച്ചറിഞ്ഞതായിരുന്നു.

കിങ്ങിണി പറയാതെ തന്നെ മോഹന്‍ലാലിന്റെ ഫാന്‍സിന്റെ പ്രവര്‍ത്തകര്‍ ശരീരം മുഴുവന്‍ നീരുവച്ച് അനങ്ങാന്‍ കഴിയാത്ത അവന് സാമ്പത്തിക സഹായവുമായെത്തി. അസുഖത്തെക്കുറിച്ച് അന്വേഷിക്കുന്നവരോട് പുഞ്ചിരിയോടെ ‘കുഴപ്പമില്ല’ എന്നു മാത്രം കിങ്ങിണി പറഞ്ഞു. രോഗവുമായുള്ള പോരാട്ടത്തിനിടയിലും ആശുപത്രിവാസങ്ങള്‍ കിങ്ങിണിയെ മാനസികമായി തളര്‍ത്തിയിരുന്നു. ”ഇനി എനിക്ക് വയ്യ അമ്മേ. എത്ര വര്‍ഷമായി ഞാന്‍ ഈ വേദന അനുഭവിക്കുന്നു. ഡോക്ടറെ കാണാന്‍ ഇനി ഞാനില്ല. ഇത്ര കാലമായിട്ടും എന്റെ രോഗം കണ്ടെത്താന്‍ അവര്‍ക്കായില്ലല്ലോ.”. അവസാനനാളുകളില്‍ നീറിപ്പുകഞ്ഞുകൊണ്ട് കിങ്ങിണി അമ്മയോട് വിതുമ്പി. എണ്ണപ്പെട്ട പകലുകളും രാത്രികളും മാത്രമാണ് ജീവിതത്തില്‍ ബാക്കിയുള്ളതെന്ന് അവന്‍ തിരിച്ചറിഞ്ഞിരുന്നുവോ..? ഒടിയന്റെ റിലീസുമായി ബന്ധപ്പെട്ട പരിപാടികള്‍ക്കാണ് കിങ്ങിണി ഒടുവില്‍ പോയത്. കോഴിക്കോട് അപ്​സര തിയ്യറ്ററില്‍ മോഹന്‍ലാല്‍ മാണിക്യവേഷത്തില്‍ നില്‍ക്കുന്ന സ്റ്റാച്യു ഉദ്ഘാടനത്തിനു കിങ്ങിണി എത്തി. മാണിക്യനൊപ്പം കുറേ ഫോട്ടോ എടുത്തു. എന്നിട്ടും അവേശമൊടുങ്ങാതെ ലാലേട്ടന്റെ പ്രതിമയിലേക്ക് ഏറെ നേരം നോക്കിനിന്നു. ഒടുവില്‍ ഒരു ചുംബനവും നല്‍കി.

തന്റെ ജീവിതത്തില്‍ ലാലേട്ടനെ നേരില്‍ കാണാന്‍ ഒരിക്കലും കഴിയില്ലെന്നോര്‍ത്ത് അവന്റെ മനസ്സ് പിടഞ്ഞിരുന്നോ…? ഒടിയന്റെ ആദ്യ പ്രദര്‍ശനം കാണണമെന്ന് അവന് വാശിയായിരുന്നു. തലേന്ന് രാത്രി എട്ടുമണിയോടെ ഏട്ടന്റെ ബൈക്കില്‍ കയറി അവന്‍ തിയറ്ററിലെത്തി. ആദ്യപ്രദര്‍ശനം തന്നെ ആര്‍ത്തിയോടെ കണ്ടു. ജനുവരി 25നു വെള്ളിയാഴ്ച രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കിങ്ങിണിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അഞ്ച് ദിവസം അതികഠിന വേദനയില്‍ അവിടെ തുടര്‍ന്നു. ആറാം ദിവസം ചെല്ലൂ, ഹോസ്പിറ്റല്‍ കാണിക്കാനായിരുന്നു ഡോക്ടറുടെ നിര്‍ദേശം. ഒരു സിറിഞ്ചിന്റെ വേദന പോലും താങ്ങാന്‍ അവന്റെ ശരീരത്തിനാകുമായിരുന്നില്ല. 16 വര്‍ഷത്തിനുള്ളില്‍ എന്തു മാത്രം വേദന അവന്‍ സഹിച്ചിട്ടുണ്ടാകും. ആ രാത്രിയും പകലും കൂടി കടന്നു പോയി.

30ന് സന്ധ്യയോടെ അതിമാരകമായ വേദനയെ തുടര്‍ന്ന് കിങ്ങിണിയെ വീടിനടുത്തുള്ള ഒരു സ്വകാര്യ ഹോസ്പിറ്റലിലേക്കു കൊണ്ടുപോയി. അവന്റെ ജീവന് ഒന്നും സംഭവിക്കില്ല എന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാല്‍ എല്ലാ പ്രാര്‍ഥനകളെയും പ്രതീക്ഷകളെയും കീഴ്‌മേല്‍ മറിച്ചുകൊണ്ട് വേദനകളില്ലാത്ത ഒരു ലോകത്തേക്ക് കിങ്ങിണി യാത്രയായി. ആ സങ്കടപ്പെരുമഴയില്‍ ഒപ്പം നിന്ന പലര്‍ക്കും അറിയാമായിരുന്നു ഒരു വലിയ മോഹം മാത്രം അവനില്‍ അവശേഷിച്ചിരുന്നുവെന്ന്. സിനിമ കണ്ടുതുടങ്ങിയ നാളുകളിലെ മനസ്സില്‍ കൊണ്ട് നടന്ന ഒരു സ്വപ്നം. ഒരു തവണ, ഓരേയൊരു തവണയെങ്കിലും ലാലേട്ടനെ ഒന്ന് നേരില്‍ കാണണം, അദ്ദേഹത്തോട് ഒന്ന് സംസാരിക്കണം, കൂടെ ഒരു ഫോട്ടോയും. എന്നിട്ട് ആ ചിത്രം വലുതായി പ്രിന്റ് എടുത്തു തന്റെ മുറിയില്‍ ഒട്ടിച്ചുവെക്കണം. പക്ഷേ, വീടിന്റെ അകത്തും പുറത്തും കിങ്ങിണി ഒട്ടിച്ചു വച്ച ഒട്ടനവധി ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് ചേര്‍ത്തുവയ്ക്കാന്‍ ആ ചിത്രത്തിന് ഇടം ലഭിച്ചില്ല. എങ്കിലും അവസാനശ്വാസത്തിലും അവന്‍ പറയാതെ പറഞ്ഞിരിക്കാം ”ലാലേട്ടാ.. അടുത്ത ജന്മത്തിലെങ്കിലും എനിക്ക് അങ്ങയോടൊപ്പം ഒരു ഫോട്ടോ എടുക്കാന്‍ കഴിയണേ” അത്ര മാത്രം അവന്‍ മോഹന്‍ലാലിനെ സ്‌നേഹിച്ചിരുന്നു. ഇഷ്ടപ്പെട്ടിരുന്നു. ആരാധിച്ചിരുന്നു.

അമ്മയുടെ നിറകണ്ണുകള്‍ കാണാനുള്ള ത്രാണിയില്ലാതെ ആ മുറിയില്‍ നിന്നും പുറത്തേക്കിറങ്ങാന്‍ തുടങ്ങുമ്പോഴാണ് അങ്ങ് ദൂരെ ഹൈദരാബാദിലെ ‘മരയ്ക്കാറി’ന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് മോഹന്‍ലാലിന്റെ ഫോണ്‍ ഒഴുകിയെത്തിയത്. ഫോണ്‍ അമ്മയ്ക്ക് കൊടുത്തു. ”അമ്മേ. ഞാന്‍ മോഹന്‍ലാലാണ്. എങ്ങനെ അമ്മയെ അശ്വസിപ്പിക്കണമെന്ന് എനിക്കറിയില്ല. അമ്മയ്ക്ക് ഒരുപാടു മക്കളുണ്ടെന്നു വിശ്വസിക്കുക. എന്നും ഞാന്‍ കൂടെയുണ്ട്. എന്നെ സ്‌നേഹിക്കുന്ന കുട്ടികളും അമ്മയ്‌ക്കൊപ്പമുണ്ട്.”

ഒന്നും പറയാനാകാതെ ആ അമ്മയുടെ നിറകണ്ണുകള്‍ വീണ്ടും അണപൊട്ടിയൊഴുകി. എങ്കിലും അവസാനം ഗദ്ഗദത്തോടെ അവര്‍ പറഞ്ഞു.” മോന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മോഹന്‍ലാലിനൊപ്പം ഒരു ഫോട്ടോ…” ആ വാക്കുകള്‍ പൂര്‍ത്തിയാ ക്കാന്‍ അമ്മയ്‌ക്കോ , ആ സംഭാഷണം തുടരാന്‍ മോഹന്‍ലാലിനോ കഴിഞ്ഞില്ല. ഒരു വാക്കുപോലും പറയാനാകാത്ത വിങ്ങലില്‍ ഞങ്ങള്‍ കിങ്ങിണിയുടെ വീടിന്റെ പടിയിറങ്ങി. അപ്പോഴും ആ മണ്‍ചിരാതിലെ വെളിച്ചം അണിഞ്ഞിട്ടില്ല. ഒടിയന്‍ മാണിക്യന്‍ അവിടെത്തന്നെയുണ്ട്. ജീവിച്ചിരുന്ന കാലത്ത് കിങ്ങിണിയുടെ മോഹം സഫലമായില്ലെങ്കിലും. അദ്യശ്യമായ ഏതോ ലോകത്തിരുന്നു അവന്‍ പറയുന്നുണ്ടാവും. ”ലാലേട്ടാ എനിക്ക് ലഭിക്കാതെ പോയ ഭാഗ്യം എന്റെ അമ്മയ്ക്ക് നിങ്ങള്‍ നല്‍കിയില്ലേ.. നന്ദി ലാലേട്ടാ.. ഒരുപാട്” അമ്മയാണല്ലോ നമ്മുടെ ആദ്യശ്വാസം; അവസാന ശ്വാസവും. രോഗത്തിന്റെ തീരാവേദനകളില്‍ വര്‍ഷങ്ങളോളം ഉറക്കം നഷ്ട്ടപ്പെട്ട കിങ്ങിണി ഇനി ഉറങ്ങിക്കോട്ടെ, സന്തോഷത്തോടെ.. നമ്മുടെ എല്ലാം മനസ്സില്‍ കിങ്ങിണി എന്ന സ്‌നേഹത്തിന്റെ മണ്‍ചിരാത് – എന്നും പ്രകാശിക്കട്ടെ.

Leave a Reply

Top