You are here
Home > Entertainment > ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ ഒരു കംപ്ലീറ്റ് എന്റർടെയ്നർ..!!

‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ ഒരു കംപ്ലീറ്റ് എന്റർടെയ്നർ..!!

പ്രണയവും സൗഹൃദവും ഒപ്പം കുറച്ച് സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളും മനോഹരമായി പറഞ്ഞു പോയൊരു കൊച്ച് ഫീൽഗുഡ് എന്റെർറ്റൈനെർ. അരുൺ ഗോപിയുടെ മനോഹരമായ കുഞ്ഞു രചനയും അതിനെ മികച്ച രീതിയിൽ അണിയിച്ചൊരുക്കിയ അദ്ദേഹത്തിന്റെ സംവിധാനപാടവവും തന്നെയാണ് ചിത്രത്തിന്റെ പ്രത്യേകത. അദ്ദേഹത്തിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ യാതൊരുവിധ അവകാശ വാദങ്ങളുമില്ലാത്ത ഒരു ചെറിയ ഫീൽഗുഡ് എന്റർടൈനറാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. കുറെയേറെ ശുദ്ധ ഹാസ്യങ്ങളാലും മനോഹരമായ പ്രണയ രംഗങ്ങളിലൂടെയും മുൻപോട്ട് പോയ കഥ ഒരു ചെറിയ സസ്പെൻസോടെ അവസാനിപ്പിക്കുന്ന ആദ്യപകുതിയും പ്രണയത്തിനും ഹാസ്യത്തിനും ഒപ്പം സാമൂഹിക പ്രസക്തിയുള്ള ഒരുപിടി വിഷയങ്ങൾ നർമ്മരൂപേണയായും ശക്തമായും പറഞ്ഞു പോയി ത്രില്ലടിപ്പിക്കുന്ന സംഘട്ടന രംഗങ്ങൾ കൊണ്ട് സമ്പന്നമായ ക്ലൈമാക്സ്സും പ്രേക്ഷകൻ ആഗ്രഹിക്കുന്ന രീതിയിൽ അവസാനിപ്പിക്കുന്ന ടൈൽ എന്റുമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്.

അഭിനന്ദൻ രാമാനുജത്തിന്റെ ഗംഭീരമായ ഛായാഗ്രഹണവും വിവേക് ഹർഷന്റെ മികവേറിയ എഡിറ്റിങ്ങും ഗോപി സുന്ദറിന്റെ ഇമ്പമേറിയ ഗാനങ്ങളും മികച്ച പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ മാറ്റുകൂട്ടി.

പ്രണവ് മോഹൻലാൽ
————————-

ആദി എന്ന ആദ്യ ചിത്രത്തിൽ കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാൽ പ്രേക്ഷക പ്രിയങ്കരനായി മാറിയ പ്രണവ് ഇത്തവണ എത്തിയത് അഭിനയ പ്രാധാന്യമുള്ള ഒരു വേഷവുമായാണ്. അപ്പു എന്ന കഥാപാത്രം അദ്ദേഹത്തിന്റെ കൈയ്യിൽ ഭദ്രമായിരുന്നു. ആക്ഷൻ മാത്രമല്ല പ്രണയവും തമാശയും ഡാൻസും എല്ലാം തനിക്ക് വഴങ്ങും എന്ന് തെളിയിച്ചിരിക്കുകയാണ് പ്രണവ്. ആദ്യ ചിത്രത്തിൽ നിന്നും ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട് പ്രണവിലെ അഭിനേതാവ്. ഈ മോനും വന്നത് ചുമ്മാ അങ്ങ് പോകാനല്ല എന്ന് പറയാതെ പറഞ്ഞിരിക്കുന്നു പ്രണവ്.

സായ ഡേവിഡ്
————————-

ഒരു പുതുമുഖത്തിന്റെ യാതൊരു പതർച്ചയുമില്ലാതെ സായ എന്ന ശക്തമായ നായിക കഥാപാത്രം അവര് മനോഹരമാക്കി എന്ന് വേണം പറയാൻ. കൈവിട്ടു പോയാൽ അരോചകമാകുമായിരുന്ന കഥാപാത്രം സായയുടെ കൈകളിൽ ഭദ്രമായിരുന്നു.

അഭിരവ് ജനൻ
————————–
മാക്രോണി എന്ന കഥാപാത്രമായി ചിത്രത്തിലുടനീളം മികവുറ്റ പ്രകടനങ്ങളിലൂടെ നിറഞ്ഞു നിന്നു അഭിരവ്. തിയ്യേറ്ററുകളിൽ ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച പെർഫോമൻസ് ആയിരുന്നു അഭിരവിന്റേത്. ചിത്രത്തെ ബോറടിപ്പിക്കാതെ ഒരു അനുഭവമാക്കി മാറ്റിയതിലെ പ്രധാനി.

ഗോകുൽ സുരേഷ്
——————————-

അഥിതി വേഷത്തിൽ എത്തിയ ഗോകുൽ ഫ്രാൻസിസ് എന്ന തന്റെ കഥാപാത്രമായി ഏവരുടെയും മനം കവർന്നു. ഗോകുൽ സാക്ഷിയായ ഒരു രംഗത്തിനാണ് തിയ്യേറ്ററിൽ ഏറ്റവും കൂടുതൽ കൈയ്യടി ലഭിച്ചത്.

മനോജ്‌.കെ.ജയൻ, കലാഭവൻ ഷാജോൺ, ഷാജു ശ്രീധർ, നെൽസൺ, ഹാരിഷ് രാജ്, ഇന്നസെന്റ്, സിദ്ദിഖ്, ശ്രീധന്യ, ടിനി ടോം, ധർമ്മജൻ ബോൾഗാട്ടി, ബിജുക്കുട്ടൻ, മാലാ പാർവ്വതി, Etc തുടങ്ങിയ അഭിനേതാക്കളെല്ലാം തന്നെ നിലവാരം പുലർത്തിയ പ്രകടനങ്ങൾ കാഴ്ച്ചവെച്ചു.

സമൂഹത്തിൽ നടക്കുന്ന തെറ്റായ പ്രവണതകൾക്കെതിരെ പലരും പറയാനാഗ്രഹിച്ച കാര്യങ്ങൾ ഒരു പ്രതിഷേധം പോലെ സിനിമയെന്ന തന്റെ ആയുധം കൊണ്ട് അരുൺ ശക്തമായി പറഞ്ഞിരിക്കുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ചില നരാധമന്മാർക്കെതിരെയുള്ള മുഖമടച്ചുള്ള പ്രഹരമാണ്…. ഒരു ഓർമ്മപ്പെടുത്തലാണ്…. പലർക്കും ഒരു പ്രചോദനമാണ്.

പ്രണവ് മോഹൻലാൽ ആരാധകർക്കും യുവതലമുറക്കും വേണ്ട ചേരുവകളെല്ലാം ചേർത്ത ഒരു ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. പെൺകുട്ടികളുള്ള മാതാപിതാക്കളും സഹോദരങ്ങളും തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്.

ശുദ്ധ ഹാസ്യത്തിനും പ്രണയത്തിനും ആക്ഷനുമൊപ്പം ശക്തമായ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളും കൈകാര്യം ചെയ്ത എല്ലാ ചേരുവകളും അടങ്ങിയ ഒരു മനോഹര ഫീൽ ഗുഡ് എന്റെർറ്റൈനെർ ആണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്.

Leave a Reply

Top