You are here
Home > Entertainment > സസ്പെൻസ് സൈക്കോ ത്രില്ലറുമായി ഫഹദ് ഫാസിൽ..!!

സസ്പെൻസ് സൈക്കോ ത്രില്ലറുമായി ഫഹദ് ഫാസിൽ..!!

ഫഹദ് ഫാസിൽ സായി പല്ലവി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പുതുമുഖ ഡയറക്ടർ വിവേക് ഒരുക്കിയ സൈക്കോ ത്രില്ലർ ‘അതിരൻ’ ഇന്ന് റിലീസായിരിക്കുകയാണ്. നിഗൂഢത ചൂഴ്ന്നു നില്‍ക്കുന്ന കഥയ്ക്ക് അനുയോജ്യമായ ലൊക്കേഷന്‍. അതിനു ചേര്‍ന്ന പശ്ചാത്തലസംഗീതം. എല്ലാം കൊണ്ടും മികച്ച ആസ്വാദനമാണ് അതിരൻ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ഒരു ഹിൽസ്റ്റേഷനിലെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് ഒരു പുതിയ ഡോക്ടർ വരുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമൊക്കെയാണ് ‘അതിരൻ’ പറയുന്നത്. പി എഫ് മാത്യുസിന്റെ തിരക്കഥ ചിത്രത്തിനെ വേറെ തലത്തിലേക്ക് ഉയർത്തുന്നു.

സസ്‌പെന്‍സും ആക്ഷനുമെല്ലാം നിറഞ്ഞൊരു ത്രില്ലറാണ് അതിരനെന്ന് പറയാം. തുടക്കം മുതല്‍ ഒടുക്കം വരെ ചിത്രം അപ്രതീക്ഷിത ട്വിസ്റ്റുകളിലൂടേയും കഥാ വ്യതിയാനങ്ങളിലൂടേയും പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടിരിക്കും. ചിത്രത്തിന്റെ പ്രധാന പ്ലസ് പോയിന്റ് അതിന്റെ താരനിര തന്നെയാണ്. ഫഹദ്, അതുല്‍, സായി പല്ലവി എന്നിവരുടെ പ്രകടനങ്ങളാണ് അതിരന്റെ നട്ടെല്ല്. അതുല്‍ കുല്‍ക്കര്‍ണി, രണ്‍ജി പണിക്കര്‍, സുദീപ് നായര്‍, ശാന്തികൃഷ്ണ, സുരഭി, പ്രകാശ് രാജ്, പി. ബാലചന്ദ്രന്‍ തുടങ്ങിയവരില്‍ നിന്നും അവരുടെ ‘ബസ്റ്റ് ഓഫ് ബസ്റ്റ് പര്‍ഫോമന്‍സ്’ തന്നെ നേടിയെടുക്കാന്‍ സംവിധായകനു കഴിഞ്ഞു.

ഫഹദിന്റെ ഇതുവരെ കാണാത്ത മുഖം കാണാം ‘അതിരനി’ല്‍. അഭിനയത്തില്‍ ‘കുമ്പളങ്ങി നൈറ്റ്‌സി’ല്‍ നിന്നും ഏറെ ഉയരത്തിലേക്കാണ് ‘അതിരനി’ലൂടെ ഫഹദ് കുതിക്കുന്നത്. ഒരിഞ്ചു താഴാതെ ചിലപ്പോള്‍ തെല്ലു മുന്നോട്ടു കയറിയും സായ് പല്ലവിയുമുണ്ട്. ‘പ്രേമ’മുള്‍പ്പെടെയുള്ള കഴിഞ്ഞ ചിത്രങ്ങളെയൊക്കെ സായ് പല്ലവി ഏറെ പിന്നിലാക്കിയിരിക്കുന്നു. നേര്‍ത്ത ചലനത്തില്‍ പോലും ആ കഥാപാത്രത്തിന്റെ പൊതു സ്വഭാവം സായ് നിലനിര്‍ത്തിയിട്ടുണ്ട്.

ചിത്രത്തിലെ ടെക്‌നിക്കൽ സൈഡിൽ കൂടുതൽ കയ്യടി അര്‍ഹിക്കുന്ന രണ്ട് പേരാണ് ക്യാമറാമാന്‍ അനു മൂത്തേടത്തും പശ്ചാത്തല സംഗീതം നിര്‍വ്വഹിച്ച ജിബ്രനുമാണ്. രാക്ഷസന്‍ എന്ന സൈക്കോ ത്രില്ലറിലെ സംഗീതം കൊണ്ട് നിരവധി പേരുടെ പ്രശംസ നേടിയ ജിബ്രാന്‍ അതിരനിലും തന്റെ കൈയ്യൊപ്പ് രേഖപ്പെടുത്തുന്നുണ്ട്. അനുവിന്റെ ക്യാമറാക്കണ്ണിലൂടെയുള്ള കാഴ്ചകള്‍ മനോഹരമാണ്.

നിങ്ങൾ ഒരു യഥാർത്ഥ സിനിമാ പ്രേമിയാണെങ്കിൽ ‘അതിരൻ’ കാണാൻ ഒട്ടും മടിക്കാതെ ടിക്കറ്റ് എടുക്കാം.

Leave a Reply

Top